Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി
കുര്‍ബാനക്രമ ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിയെന്ന കാര്യം മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ആണ് അറിയിച്ചത്. ജനാഭിമുഖ കുര്‍ബാന തുടരാമെന്ന് മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വൈദീകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍പാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാര്‍ ആന്റണി കരിയില്‍ അറിയിച്ചു. എന്നാല്‍ വത്തിക്കാനില്‍ നിന്ന് ഇളവ് നല്‍കിയിട്ടില്ലെന്നാണ് കര്‍ദിനാള്‍ നല്‍കുന്ന വിശദീകരണം. വ്യക്തിപരമായ താല്‍പര്യം മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
സിറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണം സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ ഏകീകരണം നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. കുര്‍ബാന ഏകീകരണം സംബന്ധിച്ച സഭയിലെ തര്‍ക്കവും അതിരൂപതയുടെ നിലപാടും മാര്‍ കരിയില്‍, മാര്‍പ്പാപ്പയെ ധരിപ്പിച്ചതായാണ് സൂചന. തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര്‍ മോണ്‍.ആന്റണി നരികുളവും മാര്‍ കരിയിലിനൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിലധികം മാര്‍പ്പാപ്പയുമായി സംസാരിച്ച ബിഷപ്പ്, അതിരൂപതയുടെ ആവശ്യം നിവേദനമായി കൈമാറിയിരുന്നു.
എല്ലാ രൂപതകളിലും ഈ ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കേണ്ടതുണ്ട്. പാലക്കാട് രൂപതയില്‍ പുതുക്കിയ കുര്‍ബാന രീതി നാളെ മുതല്‍ നടപ്പാക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കി. രൂപത അധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. കുര്‍ബാന ക്രമം സംബന്ധിച്ചും രീതി സംബന്ധിച്ചും വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍ അതിരൂപതയിലും നാളെ മുതല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കണമെന്ന് സര്‍ക്കുലര്‍. ആര്‍ച്ച് ബിഷപ് മാര്‍ ആഡ്രൂസ് താഴത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തന്‍ വികാരിയുടെ സര്‍ക്കുലര്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും വിശദീകരണമുണ്ട്