Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന അനുപമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം പുറത്ത്.
കുഞ്ഞ് അനുപമയുടേതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കുഞ്ഞ്, അനുപമ, ഭര്‍ത്താവ് അജിത്കുമാര്‍ എന്നീ മൂന്നു പേരുടെയും ഡി.എന്‍.എ ഫലം പോസിറ്റീവ് ആണ്.
കുഞ്ഞ് തന്‍റേതാണെന്ന ഡി.എന്‍.എ ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയ ഡി.എന്‍.എ ഫലം ദത്ത് കൈകാര്യം ചെയ്യുന്ന കുടുംബ കോടതിയില്‍ സമര്‍പ്പിക്കും. ഡി.എന്‍.എ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വതന്ത്രയാക്കി കൊണ്ടുള്ള ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്ന നടപടിയിലേക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കടക്കും. തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ സാധിക്കും.
അതേസമയം, നവംബര്‍ 30നാണ് അനുപമയുടെ കേസ് കുടുംബ കോടതി ഇനി പരിഗണിക്കുക. ഈ കാലതാമസം ഒഴിവാക്കി കേസ് നേരത്തെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനും അനുപമക്കും കോടതിയെ സമീപിക്കാവുന്നതാണ്.
ഇന്നലെയാണ് ഡി.എന്‍.എ പരിശോധനയുടെ ഭാഗമായി കുഞ്ഞ്, അനുപമ, ഭര്‍ത്താവ് അജിത്കുമാര്‍ എന്നിവരുടെ സാമ്ബിളുകള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.
കുടുംബ കോടതി നിര്‍ദേശ പ്രകാരം നവംബര്‍ 21നാണ് ആന്ധ്ര ദമ്ബതികള്‍ക്ക് ദത്ത് നല്കിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാര്‍ഗം കേരളത്തിലെത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്ബതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. തുടര്‍ന്ന് കുഞ്ഞിനെ കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലേക്ക് മാറ്റി. ഈ മാസം 18നാണ് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്.
ഒക്ടോബര്‍ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് ദത്ത് നല്‍കിയെന്ന ആരോപണവുമായി പേരൂര്‍ക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.