Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചു

  • Monday 29, 2021
  • Anna
General

ദില്ലി: വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചു.

ഈ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയില്‍ ബില്ല് ചര്‍ച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടന്‍ രണ്ട് മണി വരെ ലോക്സഭ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ പാസ്സാക്കി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചാല്‍ നിയമങ്ങള്‍ റദ്ദാകും.

ചര്‍ച്ച കൂടാതെത്തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

ലോക്സഭയില്‍ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കിയേക്കും. ഈ ബില്ലില്‍ ചര്‍ച്ചകള്‍ നടന്നാല്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് സഭയിലെത്താന്‍ വിപ്പ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയടക്കം രാവിലെ ലോക്സഭയിലെത്തി കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിര്‍ത്തിവച്ചു. 12 മണിക്ക് വീണ്ടും സഭ തുടങ്ങിയതോടെ മൂന്ന് പേജുള്ള ബില്ല് പെട്ടെന്ന് തന്നെ അവതരിപ്പിച്ച്‌, മേശപ്പുറത്ത് വച്ച്‌ ബില്ലുകള്‍ പാസ്സാക്കിയെടുക്കുകയായിരുന്നു കേന്ദ്രം. രാഹുല്‍ ഗാന്ധിയടക്കം സംസാരിക്കാന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍ അതിന് അവസരം കേന്ദ്രസര്‍ക്കാര്‍ നല്‍കില്ലെന്നുറപ്പാണ്.

എന്നാല്‍ രാവിലെ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്. ഏത് ചോദ്യത്തിനും മറുപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാല്‍ പാര്‍ലമെന്‍റിന്‍റെ അന്തസ് കാക്കണമെന്നും മോദി പറ‌ഞ്ഞു. ജനം ആഗ്രഹിക്കുന്നത് അര്‍ഥപൂര്‍ണമായ പാര്‍ലമെന്‍റ് സമ്മേളനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകരെ ഞെട്ടിച്ച്‌ മൂന്ന് വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കര്‍ഷകസമരം ഇരമ്ബി. ദില്ലി അതിര്‍ത്തികള്‍ വളഞ്ഞ് കര്‍ഷകര്‍ സമരമിരുന്നപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവന്‍ ദില്ലിയുടെ അതിര്‍ത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കര്‍ഷകസമരത്തെ ഇകഴ്ത്തിക്കാട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കര്‍ഷകരെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയെന്ന പൊതുവേദിയില്‍ ഊന്നി നിന്ന് സമരഭൂമിയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിച്ചു. ഒടുവില്‍ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്ബോള്‍ നവംബര്‍ 19-നാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷന്‍ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. പ്രഖ്യാപനത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്‌എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. എന്നാല്‍ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം മോദി ആദ്യമായി കീഴടങ്ങുമ്ബോള്‍ അനന്തര ഫലമെന്തെന്നത് നിര്‍ണ്ണായകമാണ്.

താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അന്നത്തെ പ്രസ്താവനയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്‍റിലേക്ക് നടത്താനിരുന്ന ട്രാക്റ്റര്‍ റാലി ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് തല്‍ക്കാലം റദ്ദാക്കിയ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌ പറയുകയാണ്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.