Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇപ്പോള്‍ മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 844 ക്യുസെക്‌സ് വെള്ളമാണ് ഷട്ടറുകള്‍ വഴി പുറത്തേക്ക് വിട്ടിരുന്നത്. ഇത് 1675 ക്യൂസെക്‌സ് ആയാണ് വര്‍ദ്ധിപ്പിച്ചത്.
ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ആദ്യഘട്ടത്തില്‍ രണ്ട് ഷട്ടറുകള്‍ തുറന്നാണ് വെള്ളം ഒഴുക്കിവിട്ടിരുന്നത്. എന്നാല്‍ ജല നിരപ്പ് താഴാത്ത സാഹചര്യത്തില്‍ രാത്രിയോടെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ജലനിരപ്പില്‍ മാറ്റമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നാണ് വിവരം. ജലനിരപ്പ് 138 അടിയായി നിര്‍ത്താന്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പില്‍ വര്‍ദ്ധനവില്ല എന്നത് ആശ്വാസമേകുന്നു.