Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

  • Sunday 28, 2021
  • Anna
General

തൃശൂര്‍: തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ്  സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. രോഗം പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പടരും.

നോറോ വൈറസ്, നിങ്ങളറിയേണ്ടത്

എന്താണ് നോറോവൈറസ്? ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യും.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിച്ച്‌ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ച്‌ ചികിത്സ ലഭ്യമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ വരെ രോഗിയില്‍ നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

  • ആഹാരത്തിനു മുമ്ബും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ 20 സെക്കന്‍റ് നേരമെങ്കിലും നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച്‌ ക്ലോറിനേറ്റ് ചെയ്യുക.
  • വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക